കുഞ്ഞു മനസിനേൽക്കുന്ന പരുക്കുകൾ നിസാരമാക്കരുതെന്ന് ഓർമിപ്പിക്കുകയാണ് ഡോ. വിദ്യ വിമൽ. വേദനയും വിഷാദവും ഒറ്റപ്പെടലും കുട്ടികളുടെ മനസിൽ വലിയ മുറിവുകളായി അവശേഷിക്കും. കുട്ടികളുടെ പ്രശ്നങ്ങൾ മുതിർന്നവരുടെ കണ്ണിൽ അത്രയും വലിപ്പമുള്ള പ്രശ്നങ്ങളായി കാണണമെന്നില്ല. പക്ഷേ, നാണക്കേട് ഭയന്ന് പുറത്തറിയിക്കാതെ, കഞ്ഞുങ്ങളുടെ വേദനകളെ അവഗണിക്കുന്നത് അവരുടെ ഭാവിക്ക് നല്ലതല്ലെന്നും ഡോക്ടർ കുറിക്കുന്നു. വനിത ഓൺലൈനുമായി പങ്കുവച്ച കുറിപ്പിലാണ് ഡോ. വിദ്യ വിമൽ ഗൗരവകരമായ ഈ വിഷയം പങ്കുവച്ചത്.
കുറിപ്പ് വായിക്കാം:
ഡോക്ടർ മോളോട് ഒന്ന് സംസാരിക്കാമോ? വളരെ ഉത്സാഹം ഉള്ള എല്ലാ കാര്യങ്ങളും ശ്രദ്ധാപൂർവം ചെയ്യുന്ന ഒരു കൊച്ചു പെൺകുട്ടി.പടം വരയ്ക്കുന്നതിലും പാട്ടുപാടുന്നതിലും മിടുക്കി. ഈയിടെയായി സംസാരം കുറവ് ശ്രദ്ധയില്ല ഡോക്ടർ ഒന്ന് സംസാരിച്ചാൽ നന്നായിരുന്നു. കുട്ടിയുടെ അമ്മ. കടുത്ത തലവേദനയും കരച്ചിലുമായ് ഒരു കൗമാരപ്രായക്കാരി. തലവേദന മാറാതെ വന്നപ്പോഴാണ് മനസ്സിലെ വേദന കണ്ണിൽപ്പെട്ടത് അതും വിദഗ്ധ ന്യൂറോളജിസ്റ്റിന്റെ കണ്ണിൽ.
ഉറക്കം വരാതെ രാത്രി മുഴുവൻ റൂമിൽ നടക്കുന്ന കുട്ടി. പ്രായത്തിൽ കവിഞ്ഞ പെരുമാറ്റവും ആയി പത്തുവയസ്സുകാരി. അങ്ങനെ അനേകം കുട്ടികൾ. പലപ്പോഴും കുട്ടികളുടെ പ്രശ്നങ്ങൾ മുതിർന്നവരുടെ കണ്ണിൽ അത്രയും വലിപ്പമുള്ള പ്രശ്നങ്ങളായി കാണണമെന്നില്ല. ശിശുരോഗ വിദഗ്ധനെ കാണിക്കുമെങ്കിലും കുഞ്ഞു മനസ്സിനേറ്റ മുറിവിന് മാനസികാരോഗ്യവിദഗ്ധനെ കാണാൻ മടി കാണിക്കുകയും ചികിത്സ തേടാൻ വൈകാറുമുണ്ട്. മറ്റുള്ളവർ എന്ത് വിചാരിക്കും?പലപ്പോഴും മരണത്തെക്കുറിച്ച് പറയുന്ന കുട്ടി. ജീവിതത്തെ ഭയത്തോടെ എല്ലാത്തിനും പേടിയുള്ള ആ മനസ്സ് കാണാൻ വൈകുന്നത് കുട്ടിയുടെ ഭാവിക്ക് നല്ലതല്ല. കൗൺസിലിംഗ് നല്ലതുതന്നെ പക്ഷേ മരുന്ന് വേണ്ടിടത്ത് കുട്ടികൾക്ക് മരുന്ന് നൽകാൻ മടി കാണിക്കരുത്.
ഹോം സിനിമയിലെ പോലെ നിങ്ങൾ എന്തിനാ കൗൺസലിംഗിന് പോണത്? നിങ്ങൾക്ക് എന്താ ഭ്രാന്തുണ്ടോ?ഈ ഡയലോഗുകൾ സിനിമയിൽ മാത്രം മതി. തലച്ചോറിന്റെ പ്രവർത്തനത്തിലെ വ്യതിയാനങ്ങൾ മനസ്സിന് ബാധിക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ തന്നെ. മറ്റുള്ളവർ എന്ത് വിചാരിക്കും? കുട്ടികളുടെ ഭാവി എന്താവും പുറത്തറിഞ്ഞാൽ?ഈ മരുന്നുകൾ കുട്ടികൾക്ക്ദോഷം ചെയ്യുമോ? എന്നീ ചിന്തകൾ മാറ്റണം. മനസ്സ് മുറിവേറ്റാൽ ഉണക്കണം. അല്ലാത്തപക്ഷം മുറിവ് പഴുക്കും. മരുന്ന് അറിയാവുന്ന ആൾ തന്നെ ചികിത്സിക്കണം. കൃത്യമായി മരുന്നു കഴിക്കണം. മറ്റുള്ളവർ ഒന്നും വിചാരിക്കില്ല. കുഞ്ഞിന്റെ ജീവനേക്കാൾ വലുതായി ഒന്നുമില്ല. അവന്റെ മനസ്സിൽ വേദനിച്ചാൽ വേദന മാറ്റണം. മരുന്ന് ആവശ്യമെങ്കിൽ നൽകണം. മുറിവുണങ്ങി മിടുക്കരാകാൻ….